നന്മയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മപ്പെടുത്തലായി ഒരു ഓണം കൂടി വരവായി. സമഗ്ര ശിക്ഷ കേരള ബിആർസി പന്തലായിനിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്കായി ആവണി ചങ്ങാത്തം 2K25 ഓണച്ചങ്ങാതി എന്ന പരിപാടി കോതമംഗലം ഗവ. എൽ സ്കൂളിൽ വച്ച് പ്രൗഡഗംഭീരമായി നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂരിൻ്റെ മായാജാല പ്രകടനങ്ങൾ വേദിയെ വിസ്മയഭരിതമാക്കി. പന്തലായനി ബി.പി.സി മധുസൂദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ച വേദിയിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹാരിസ് ചേമഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,അതുല്യ ബൈജു ചേമഞ്ചേരി പഞ്ചായത്ത് ചെയർപേഴ്സൺ,ശിവദാസൻ ചേമഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ, സി ആർ സി കോഡിനേറ്റർ അഷ്റഫ് സ്പെഷ്യലിസ്റ്റ് ടീച്ചർ പ്രസന്ന എന്നിവർ ആശംസകൾ അറിയിച്ചു. ബി.ആർ.സി ട്രെയിനർ വികാസ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സില്‍ജ.ബി നന്ദിയും പറഞ്ഞു. വീടുകളിൽ മാത്രം ഒതുങ്ങി പോകേണ്ടവരല്ല മറിച്ച് സമൂഹത്തിൻ്റെ, ചങ്ങാത്തത്തിന്റെ, ചുറ്റുപാടിന്റെ നേർ അനുഭവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് താനും ഈ സമൂഹത്തിൻറെ ഭാഗമാണെന്ന സാക്ഷ്യപ്പെടുത്തൽ ഈ വേളയിൽ സാർത്ഥകമായി.
പന്തലായനി ബി.ആർ.സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന 40 കുട്ടികളും അവരുടെ കുടുംബവും എത്തിച്ചേർന്നു. വിവിധ പഞ്ചായത്തുകളിൽ നിന്നും നൽകിയ ഓണക്കോടിയും, ഓണക്കളികളും ഓണസദ്യയും, ഓണപ്പാട്ടും എല്ലാമായി നല്ലൊരു ഓണദിനം അവർക്കായി സമ്മാനിക്കാൻ കഴിഞ്ഞു.