തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് മനോജിൻ്റെ മകൾ ആർദ്ര (കല്യാണി – 27) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ആർദ്രയ്ക്ക് രണ്ട് മാസം പ്രായമായൊരു കുട്ടിയുണ്ട്. മൂന്നു വർഷം മുമ്പ് വിവാഹിതയായ ആർദ്ര ഭർത്തൃവീട്ടിലും തുടർന്ന് പ്രസവസമയത്തും അനുഭവിച്ച ക്രൂരമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആർദ്രക്കെതിരെ നിരന്തരമായ അപവാദ പ്രചരണം ഭർത്താവും ഭർത്തൃവീട്ടുകാരും നടത്തിയതായും കുടുംബം പറയുന്നു. വിശദമായ അന്വേഷണം നടത്തിയാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാവൂ.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ സർവ്വകക്ഷി യോഗം വിളിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ സന്തോഷ് തിക്കോടി, സുബീഷ് പള്ളിത്താഴ, ജിഷ കാട്ടിൽ, ബിജു കളത്തിൽ, ജയചന്ദ്രൻ തെക്കെ കുറ്റി, എം.കെ പ്രേമൻ, ബാബു ചെറുകുന്നുമ്മൽ, മിനി ഭഗവതി കണ്ടി, കെ.വി. രാജീവൻ, പ്രസന്നൻ, ബൈജു ചാലിൽ എന്നിവർ സംസാരിച്ചു. സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി ജമീല സമദ് (ചെയർപേഴ്സൺ), എം.കെ പ്രേമൻ, ബാബു ചെറുകുന്നുമ്മൽ (വൈ. ചെയർമാൻ), സുബീഷ് പള്ളിത്താഴ (കൺവീനർ), ബിജു കളത്തിൽ, ജയചന്ദ്രൻ തെക്കെകുറ്റി (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.