കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ‘മാവേലിയോടൊത്ത് യാത്ര’ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമിലൂടെയും യാത്രക്കാർക്ക് മധുരം നൽകിക്കൊണ്ട് നടന്നു.
സ്റ്റേഷൻ സൂപ്രണ്ട് റൂബിൻ ശ്രീപുരം, റയിൽവേ പെർമനന്റ് വേ സീനിയർ സെക്ഷൻ എൻജിനിയർ സന്ദീപ് സി, ഹെൽത്ത് ഇൻസ്‌പെക്ടർ ചന്ദ്രേഷ്, കമേർഷ്യൽ സൂപ്രണ്ട് സുരേഷ് എം എം, സീനിയർ സെക്ഷൻ എഞ്ചിനിയർ OHE ശ്രീ പ്രിൻസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റേഷൻ സൂപ്രണ്ട് വിനു, സീനിയർ സിഗ്നൽ ടെക്‌നീഷിയൻ സുധീഷ് എന്നിവർ ആശംസകൾ നേർന്നു.
കൊയിലാണ്ടി മുതൽ തലശ്ശേരി വരെയുള്ള സെക്ഷനിലെ ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന റയിൽവേ ജീവനക്കാർ ഒരുമിച്ച് ഒന്നായി ഓണം ആഘോഷിച്ചത് വേറിട്ട സന്തോഷകരമായ ഒരു അനുഭവമായി എന്ന് യാത്രക്കാരും ജീവനക്കാരും അഭിപ്രായപ്പെട്ടു.