സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ ഉള്ളിലും മുമ്പിലും പിമ്പിലും ക്യാമറകൾ, ജിയോ ഫെൻസിങ് തുടങ്ങിയവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചത്.
സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി ജനുവരിയിൽ എടുത്ത തീരുമാനവും ഇതിന് തുടർച്ചയായി ട്രാൻസ്പോർട്ട് കമ്മിഷണർ ഏപ്രിൽ മാസം പുറപ്പെടുവിച്ച സർക്കുലറും ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളിയാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ക്യാമറ സ്ഥാപിക്കുന്നതിൽ ഒക്ടോബർ 10 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.