കോഴിക്കോട് നടക്കാവ് ജവഹര്‍ നഗറിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കക്കാടംപൊയിലില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്നാണ് റമീസിനെ പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍സുഹൃത്ത് ഉള്‍പ്പടെ ഒമ്പത് പേര്‍ പൊലീസ് പിടിയിലായി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘവും ഇവര്‍ക്കു സഹായങ്ങള്‍ നല്‍കിയ നാലു പേരുമാണ് പൊലീസ് പിടിയിലായത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് റെമീസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. പ്രതികളിലൊരാളുമായി റെമീസിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. റെമീസില്‍ നിന്ന് പണം ലഭിക്കാതെ വന്നതോടെ പ്രതികള്‍ റെമീസിന്റെ പെണ്‍ സുഹൃത്തമായി ബന്ധപ്പെട്ടു. റെമീസ് പെണ്‍സുഹൃത്തിനും പണം നല്‍കാനുണ്ടായിരുന്നു. ഇവര്‍ എല്ലാവരും നേരത്തെ പരിചയക്കാരാണ്. തുടര്‍ന്ന് പ്രതികളും യുവതിയും ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ റെമീസിനെ ഇന്നലെ രാത്രി യുവതി താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തേക്ക് വിളിച്ചവരുത്തി അവിടെ വച്ച് മര്‍ദിക്കുകയും തട്ടിക്കൊണ്ട് പോകുകയുമായിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ പൊലീസിനെ അറിയച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. യുവാവിനെ മര്‍ദിച്ച ശേഷം കാറില്‍ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വിവരം. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ കാര്‍ നമ്പര്‍ കേന്ദ്രീകരിച്ചും തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിലാണ് കക്കാടം പൊയിലിനു സമീപം ഇവരെ കണ്ടെത്തിയത്.