പേരാമ്പ്ര : സമഗ്ര ശിക്ഷ കേരള, കോഴിക്കോട്- പേരാമ്പ്ര ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.ആർ.സി പരിധിയിലെ ചലന പരിമിതികൾ നേരിടുന്ന കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലോട് ഗവണ്മെന്റ് ആശുപത്രിയിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു.
ചലന പരിമിതി നേരിടുന്ന അംഗീകൃത പ്രീ പ്രൈമറി, എലിമെന്ററി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, ബദൽ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. മെഡിക്കൽ ക്യാമ്പിൽ കുട്ടികൾക്കാവശ്യമായ സഹായ ഉപകരണങ്ങളും തെറാപ്പി സർവീസും നിർദ്ദേശിക്കപ്പെട്ടു. ഡോ. ഫർഹാന (ജില്ലാ ആശുപത്രി-വടകര), ഓർത്തോ ടെക്ക്നീഷ്യൻ മിഥുൻരാജ് കെ പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ബി ആർ സി പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 33 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ ടി കെ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പി കെ ഹിമ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എ വി കവിത തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കെ ഷാജിമ സ്വാഗതവും സി ആർ സി സി ഭവിത എ കെ എം നന്ദിയും പറഞ്ഞു.