താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രിയങ്കഗാന്ധി എം.പി കത്തയച്ചു. വയനാട് ജില്ലയിലെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഈ പാത, വയനാടിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ഏക പ്രധാന പാതയാണ്.
ഓഗസ്റ്റ് 26-ന്, ഈ ദേശീയപാതയിലെ ഒരു ഭാഗത്ത് വലിയൊരു മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഭാഗ്യവശാൽ, ആർക്കും ജീവഹാനി നേരിട്ടില്ല. എങ്കിലും, റോഡിലെ മുഴുവനും മണ്ണ് നീക്കം ചെയ്യേണ്ടി വന്നതിനാൽ താമരശ്ശേരി ചുരം വഴി ഗതാഗതം പൂർണമായും തടയേണ്ടിവന്നു. കൂടാതെ, ഇപ്പോഴത്തെ മണ്ണിടിച്ചിലിന് പിന്നാലെ കൂടുതൽ അപകടസാധ്യതയുണ്ടെന്ന ഭയത്തെ തുടർന്ന് അധികാരികൾ ജാഗ്രതയോടെ പ്രവർത്തിച്ചു വരികയാണ്. ഇതോടെ വയനാട് ജില്ല ഫലത്തിൽ പുറത്തുള്ള ലോകത്തോട് ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് അടിയന്തര ചികിത്സക്കായി കോഴിക്കോട് ജില്ലയിലെത്തേണ്ടവർക്കു വലിയ ഭീതിയും ആശങ്കയും ഉണ്ടായിട്ടുണ്ട്.
എൻ.എച്ച് 766-ന്റെ ഈ ഭാഗത്ത് നിരന്തരം നടക്കുന്ന മണ്ണിടിച്ചിലുകൾ വയനാട്ടിൽ വലിയ ആശങ്കയ്ക്കിടയാക്കുന്നു. ഹൈവേ നിർമ്മാണത്തിനായി മലയിലെ ഭാഗം വെട്ടി മാറ്റിയതിനാൽ, ആ പ്രദേശം മതിയായ സുരക്ഷാ സംവിധാനങ്ങളോ ജിയോ ഫാബ്രിക്ക് പോലുള്ള സാങ്കേതിക സംവിധാനങ്ങളോ ഇല്ലാതെ അപകടസാധ്യതയിലാണ്. ആയതിനാൽ ഒരു വിദഗ്ധ സംഘത്തെ അയച്ച് ഈ ഭാഗം പരിശോധിക്കാനും, അപകടസാധ്യത വിലയിരുത്താനും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാനും പ്രിയങ്കഗാന്ധി അഭ്യർത്ഥിച്ചു. ഇത്തരം അടിയന്തിരഘട്ടങ്ങളിൽ വയനാടിന്റെ മറ്റ് ജില്ലകളുമായുള്ള സ്ഥിരമായ ബന്ധം ഉറപ്പാക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ബദൽ പാത രൂപകൽപ്പന ചെയ്യാനുള്ള സാധ്യതകളും പരിശോധിക്കേണ്ടതാണ്. വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങൾ യാത്രയ്ക്കും, ചികിത്സയ്ക്കും, മറ്റു സേവനങ്ങൾക്കുമായി ആശ്രയിക്കുന്ന ഈ ദേശീയപാത വർഷം മുഴുവനും പ്രവർത്തനക്ഷമവും സുരക്ഷിതവുമായി നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.