സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 31-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന പൂക്കള മത്സരത്തിനുള്ള വേദികള്‍ നഗരത്തിലെ ഏഴ് കേന്ദ്രങ്ങളിലായി സജ്ജമായി. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ഇല്ലാതെയും മത്സരദിവസം രാവിലെ എട്ടു മുതല്‍ ഒമ്പത് മണിവരെ മത്സരത്തിനായി അതാത് സെന്ററുകളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 9:30 മുതല്‍ 12:30 വരെയാണ് മത്സരം നടക്കുക.
കുടുംബശ്രീ മിഷന്‍ ടീം പൂക്കളമത്സരത്തിനുള്ള വേദി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാരപ്പറമ്പാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ രാമകൃഷ്ണ മിഷന്‍ എച്ച് എസ് എസ് മീഞ്ചന്തിലെ വേദിയില്‍ പൂക്കളമൊരുക്കും. ഇന്‍ക്ലൂസീവ് വിഭാഗം – ഗവ എല്‍പി സ്‌കൂള്‍ ഈസ്റ്റ് നടക്കാവിലും ഇതര വിഭാഗവും സംഘാടക സമിതി ഒരുക്കുന്ന മെഗാ പൂക്കളവും ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടക്കാവിലും ഒരുക്കും. റസിഡന്‍സ് അസോസിയേഷന്‍ മത്സരം ഗവ മോഡല്‍ എച്ച്എസ്എസ് മാനാഞ്ചിറയിലും ഹയര്‍ എജുക്കേഷന്‍, ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍, ഐടി സ്റ്റാര്‍ട്ടപ്പ് എന്നീ വിഭാഗങ്ങളുടെ വേദി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്കൂളുമായിരിക്കും.
മത്സരത്തില്‍ ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ആദ്യ മൂന്നു മെഗാ പ്രൈസിനു പുറമെ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്.