താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ലാകളക്ടര്‍ ആശയവിനിമയം നടത്തി. ചുരം പാതയില്‍ നിലവില്‍ അപകട ഭീഷണിയില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം വിശദ പരിശോധന നടത്തിയിരുന്നു. അതേസമയം, മഴ ശക്തമായാല്‍ വീണ്ടും പാറക്കഷ്ണങ്ങള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ കാരണം നിലവില്‍ റോഡിന് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും.
നിലവില്‍ ചെറു വാഹനങ്ങള്‍ ചുരം വഴി കടന്നു പോകാന്‍ അനുവദിക്കുന്നുണ്ട്. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷം കൈക്കൊള്ളും. റോഡ് ഗതാഗത യോഗ്യമാക്കുന്നതിലും ഗതാഗതം നിയന്ത്രിക്കുന്നതിലും തഹസില്‍ദാരുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ്, പൊലീസ് നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ നീക്കം ചെയ്യുന്ന കാര്യം വിശദ പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, താമരശ്ശേരി ഡിവൈഎസ്പി കെ സുശീര്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജുവും സംഭവസ്ഥലം സന്ദര്‍ശിച്ചു.