താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ അടർന്നു വീഴുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വയനാട് ലക്കിടിയിലും താമരശ്ശേരി അടിവാരത്തും നിരവധി യാത്രാക്കാർ രാവിലെ മുതൽ കുടുങ്ങികിടക്കുകയാണ്. ലക്കിടി റോഡ് പൂർണമായി അടച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് തന്നെയാണ് മണ്ണും കല്ലും റോഡിലേക്ക് വീഴുന്നത്..
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പോലിസിന്റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം..
റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, ഹസാഡ് അനലിസ്റ്റ് പി അശ്വതി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്..
ചൊവ്വാഴ്ച രാത്രിയുണ്ടായ വലിയ മണ്ണിടിച്ചിൽ കാരണം ഏകദേശം 20 മണിക്കൂറോളമാണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. വലിയ പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായിരുന്നു. കൽപ്പറ്റ അഗ്നിരക്ഷാസേന, വൈത്തിരി പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് റോഡ് വൃത്തിയാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ആദ്യം വ്യൂ പോയിന്റിനടുത്ത് കുടുങ്ങിയ വാഹനങ്ങളെയും പിന്നീട് അടിവാരം ഭാഗത്തുള്ള വാഹനങ്ങളെയും കടത്തിവിട്ടു.
താമരശ്ശേരി ചുരം വഴി ഇന്നും നാളെയും എമർജൻസി (രോഗികളുമായി പോകുന്നു ആമ്പുലൻസ് ) വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. മറ്റു വാഹന അടിവാരത്തും,ലക്കിടിയിലും തടയുമെന്ന് താമരശ്ശേരി DYSP സുഷീർ അറിയിച്ചു.