ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി ‘സുഭദ്രം’ ഭവന പദ്ധതി നടപ്പാക്കുമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട്’ സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭവന നിര്‍മാണത്തിന് ആറു ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്യാപ് ഫണ്ടായി രണ്ട് ലക്ഷം രൂപയും നല്‍കും. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍നിന്ന് 15 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്നും പലിശവിഹിതം സര്‍ക്കാര്‍ അടക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ഗാത്മക മേഖലകളില്‍ വേദിയൊരുക്കുകവഴി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ദൃശ്യതയും സാന്നിധ്യവും വര്‍ധിപ്പിക്കുന്നതിന് പുറമെ അവരുടെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അരികുവത്കരിക്കപ്പെട്ട ട്രാന്‍സ് സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക പുനരധിവാസവും സാമൂഹികനീതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. ട്രാന്‍സ് സമൂഹത്തിന് വേണ്ട എല്ലാ സാമൂഹിക പിന്തുണയും ഉറപ്പാക്കുന്നതിന് പ്രാധാന്യം നല്‍കിവരികയാണ്. കഴിവ് തെളിയിച്ച നിരവധിപേര്‍ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായി. നടിയും എഴുത്തുകാരിയുമായ എ രേവതി വിശിഷ്ടാതിഥിയായി. സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ നേഹ ചെമ്പകശ്ശേരി, അര്‍ജുന്‍ ഗീത, ജില്ലാ ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി അംഗങ്ങളായ സിസിലി ജോര്‍ജ്, നന്മ സുസ്മി, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ് വ്യക്തികള്‍ക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. ലിബിന്‍ നാഥ് പിടി (അക്കാദമികം), ഷിയ (കായികം), നവമി എസ് ദാസ് (സംരംഭകത്വം), തന്‍വി സുരേഷ് (നൃത്തം) എന്നിവരും കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ സഹയാത്രിക തൃശൂര്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം വിഭാഗത്തില്‍ കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍, ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഹര്‍ഷ പി ഹര്‍ഷ്, അഖില്‍ ശിശുപാല്‍, റോസ്ന ജോഷി, സംവിധായകന്‍ പി അഭിജിത്ത്, അഡ്വ. പത്മ ലക്ഷ്മി എന്നിവരും ഉപഹാരം ഏറ്റുവാങ്ങി.