കൊയിലാണ്ടി: ഇന്ത്യ മഹത്തായ ചരിത്രപാരമ്പര്യമുള്ള മണ്ണാണെന്നും പാഠ്യപദ്ധതിയിൽ നിന്നും എത്രമാത്രം വെട്ടിമാറ്റിയാലും ഡൽഹിയിലും പരിസരങ്ങളിലും ഉയർന്നു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ ഉള്ളിടത്തോളം അവയ്ക്ക് പിന്നിലുള്ളവർ സ്മരിക്കപ്പെടുമെന്നും ചരിത്ര സത്യങ്ങളെ വികലമാക്കുകയും വിസ്മരിക്കുകയും ചെയ്യുന്നത് പുതുതലമുറയോട് കാണിക്കുന്ന അനീതിയാണെന്നും കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം)കോഴിക്കോട് നോർത്ത് ജില്ലാ നവോത്ഥാന പ്രചാരണ കൺവൻഷൻ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യുഗത്തിലും ശ്രദ്ധേയമായ വായനയ്ക്ക് ഇടമുണ്ടെന്നത് സ്തുത്യർഹമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി.
കെ.എൻ.എം സംസ്ഥാന ഭരണ സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. 4 വാള്യങ്ങളിലായി കെ.എൻ.എം പുറത്തിറക്കുന്ന ‘കേരള മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും’ രണ്ടാം വാള്യത്തിന് കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് എ.വി.ഇബ്രാഹിം കുട്ടിയെ വരി ചേർത്തുകൊണ്ട് ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി നിർവ്വഹിച്ചു. ഐ.എസ്.എം. മുഖപത്രമായ വിചിന്തനം വാരികയുടെ റോൾഡൺ വരിക്കാരനായി സി.എച്ച് അമ്മത് ഹാജിയെ വരിചേർത്ത് സംസ്ഥാന ജന.സെക്രട്ടറി ശുക്കൂർ സ്വലാഹി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം.ജില്ലാ പ്രസിഡണ്ട് സി.കെ.പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ.എം.സകരിയ്യ, ടി.പി.മൊയ്തു, ടി.വി.അബ്ദുൽ ഖാദർ, അലി കിനാലൂർ, നൗഫൽ ബിനോയ്, ഷമീർ വാകയാട്, കീപ്പോടി മൊയ്തീൻ, കെ.മറിയം ടീച്ചർ, പി.കെ.റഹ്മത്ത് ടീച്ചർ എന്നിവർ സംസാരിച്ചു.