ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് പരിധി നിശ്ചയിക്കും. കൂടുതൽ ഭാരമുണ്ടെങ്കിൽ ഓരോ കിലോയ്ക്കും പണം ഈടാക്കും. ഓരോ ക്ലാസിനനുസരിച്ച് ലഗേജ് പരിധിയിലും നിരക്കിലും വ്യത്യാസവും ഉണ്ടാവും. ലഭിക്കുന്ന വിവരമനുസരിച്ച് എ.സി. ഫസ്‌റ്റ് ക്ലാസിൽ 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. എ.സി. ടു ടയറിൽ 50 കിലോ ആയിരിക്കും പരിധി. എ.സി. ത്രീടയറിലും സ്ലീപ്പറിലും 40 കിലോയും ജനറൽ കോച്ചിൽ 35 കിലോയും പരിധി നിശ്ചയിക്കുമെന്ന് അറിയുന്നു. സ്‌ഥലം മുടക്കുന്ന തരത്തിൽ വലിയ ബാഗുകളോ ചാക്കുകളോ കയറ്റിയാൽ ഭാരം നോക്കാതെതന്നെ പിഴയീടാക്കാനും നീക്കമുണ്ട്.
യാത്രക്കാർക്ക് ശുഭയാത്രയ്‌ക്കൊപ്പം റെയിൽവെയ്ക്ക് വരുമാനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. റെയിൽവെ സ്‌റ്റേഷനുകളിൽ എയർപോർട്ടിലേതിന് സമാനമായി പ്രീമിയം സ്‌റ്റോറുകൾ തുടങ്ങാനും നീക്കമുണ്ട്. വസ്ത്രങ്ങൾ, ചെരുപ്പ്, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകൾക്ക് അനുമതി നൽകുക. നിർദേശങ്ങളെല്ലാം റെയിൽവെയുടെ സജീവ പരിഗണനയിൽ ആണെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.