സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെയാണ് കടുത്ത പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്രവം ശേഖരിച്ചു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഉടൻ നടത്തുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു. അടുത്തിടെയായി അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
അതേസമയം, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം അല്ലെന്ന് കണ്ടെത്തിയത്. വൈറൽപ്പനിയെ തുടർന്ന് തിങ്കളാഴ്‌ചയാണ് കുട്ടികളെ മെഡിക്കൽ കോളേജിലെ മാതൃ – ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്‌ചയാണ് താമരശേരി ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.