കൊയിലാണ്ടി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി.
ഹോട്ടൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പി.സി.ബി. നിബന്ധനകൾ ലഘൂകരിക്കുക, അധികൃത ഭക്ഷണശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, മാലിന്യ സംസ്കരണത്തിനായി പൊതുസംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ മുന്നോട്ട് വെച്ചു.
KHRA കൊയിലാണ്ടി യൂണിറ്റ് രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ വി.പി. ഇബ്രാഹിം കുട്ടി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് നിയാസ്, ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് മനീഷ്, യൂണിറ്റ് പ്രസിഡണ്ട് ഗണേഷൻ, സെക്രട്ടറി സാദിഖ്, രക്ഷാധികാരി ഉല്ലാസ്, വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദലി, ട്രഷറർ ഗഫൂർ, സുൽഫി എന്നിവർ പ്രസംഗിച്ചു.