ഇന്‍ഡ്യാ സഖ്യത്തിന്റെ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രഖ്യാപനം നടത്തി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. ഐക്യകണ്ഠേനയാണ് ഇൻഡ്യാ സഖ്യം സുദർശൻ റെഡ്ഡിയെ തിരഞ്ഞെടുത്തത്. സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള സി പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രണ്ട് പേര്‍ തമ്മിലായിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഇന്നലെ ചേർന്ന ഇൻഡ്യാസഖ്യം ചുമതലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതുതന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്