കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനറുതി വരുത്താത്ത സര്‍ക്കാർ നിലപാടിനെതിരെയാണ് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.
പെരുവണ്ണാമൂഴി റെയ്ഞ്ചിലെ കക്കയം വനാതിർത്തിയിൽ തുടങ്ങിയ സൗരവേലി നിർമ്മാണം പാതിവഴിയിൽ നിർത്തിയിട്ട് രണ്ട് മാസം പിന്നിട്ടു. കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ജനകീയ പ്രതിഷേധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗരവേലി നിർമാണം. പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തത് ഉൾപ്പടെയുള്ള സാങ്കേതിക തടസങ്ങൾ കാരണം പതിനാല് മാസത്തോളം വൈകിയ പദ്ധതിക്കാണ് ജൂൺ മാസത്തിൽ തുടക്കം കുറിച്ചത്. റോഡരികിൽ നിന്ന് മാറ്റി വനാതിർത്തിയിലൂടെ വേലി നിർമ്മിക്കണമെന്ന ആവശ്യമുയർന്നതോടെ പ്രവൃത്തി ഏറ്റെടുത്ത കർഷകൻ പദ്ധതി ഉപേക്ഷിച്ചു. ഇതിന് തുടർന്ന് പാതയോരത്ത് നിൽക്കുന്ന തൂണുകൾ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് അപകടഭീഷണിയുമാണ്.
ഡിസിസി സെക്രട്ടറി പി.കെ.രാഗേഷ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. സന്ദീപ് കളപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, ശ്വേത ജിൻസ്, റീത്ത തോമസ്, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ, ഷാരോൺ ചാലിക്കോട്ടയിൽ, ജിജോ കപ്പലുമാക്കൽ, ജിന്റോ പിസി, അനീഷ് ടിഎൻ എന്നിവർ സംസാരിച്ചു.