കേരള ഖാദി വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ഓണം ഖാദി മേള ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി അഞ്ച് ദിവസത്തെ വില്‍പ്പനയാണ് താലൂക്ക് ഓഫീസ് പരിസരത്ത് ഉണ്ടാവുക. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തനം. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എളുപ്പത്തില്‍ ഖാദി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, ആഴ്ചയില്‍ ഒരു ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഖാദി ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
‘എനിക്കും വേണം ഖാദി’ എന്ന ക്യാമ്പയിനുമായാണ് ഇത്തവണത്തെ ഓണം ഖാദി മേള. വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റില്‍ മേളകളില്‍ ലഭിക്കും. കൈത്തറിയില്‍ നിര്‍മിച്ച സാരികള്‍, ചുരിദാര്‍, ബെഡ്ഷീറ്റ്, ബേക്കറി ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ആഴ്ചതോറും 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.
ചടങ്ങില്‍ കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എം കെ ശ്യാമപ്രസാദ്, പ്രസിഡന്റ് കെ മുരളീധരന്‍, സര്‍വോദയ സംഘം ഇന്‍സ്‌പെക്ടര്‍ എം പ്രകാശന്‍, മുന്‍ സെക്രട്ടറി പി വിശ്വന്‍, സര്‍വോദയ സംഘം ബ്രാഞ്ച് മാനേജര്‍ സി രജില എന്നിവര്‍ പങ്കെടുത്തു.