ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. രാവിലെ 9 ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.
ഓണം പൂജകൾക്കായി സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5ന് തുറക്കും. സെപ്റ്റംബർ 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും. സെപ്റ്റംബർ ഏഴിന് ശബരിമല നട അടയ്ക്കും.