താമരശ്ശേരി:താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി മരിച്ച സംഭവത്തെത്തുടർന്ന് സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ, തോടുകൾ , പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ആരും കുളിക്കരുതെന്ന് നിർദേശം.
താമരശേരിയിൽ ഒമ്പത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് വ്യക്തമായതോടെയാണ് നിർദേശം പുറപ്പെടുവിച്ചത്. ഈ മേഖലകളിൽ ആരോഗ്യവകുപ്പ് പരിശോധനയും നടത്തി. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
വീടിന് സമീപമുള്ള കുളത്തിലേയും വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെയും സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. കുട്ടി രണ്ടാഴ്ച മുൻപ് സമീപത്തെ കുളത്തിൽ നീന്തൽ പഠിച്ചിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയേറ്റതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.