കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. 24 കോടി രൂപ ചിലവാക്കുന്ന പദ്ധതിയിൽ അഴിമതി എന്നാണ് ഉയരുന്ന ആരോപണം. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ മേൽനോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്.
കരാർ കമ്പനിക്ക് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നെന്നും പരാതിയുണ്ട്. നിര്‍മ്മാണത്തിനിടെ പാലത്തിന്‍റെ ബീം തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ കേരള റോഡ് ഫണ്ട് യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രാഥമിക വിവരങ്ങള്‍ ഉൾപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രൊജക്ട് ഡയറക്ടര്‍ക്ക് ഇന്നലെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്നലെ പ്രതികരിച്ചു. കിഫ്ബിയില്‍ നിന്നും ഇരുപത്തി നാല് കോടിയോളം രൂപ ഫണ്ട് വകയിരുത്തി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത്. കോണ്‍ക്രീറ്റിനിടെ പാലത്തിന്റെ മധ്യ ഭാഗമാണ് പുഴയിലേക്ക് മറിഞ്ഞു വീണത്. പിഎംആര്‍ എന്ന കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 2023 ജൂലായ് മാസത്തിലായിരുന്നു. രണ്ട് വര്‍ഷമായിട്ടും 65 ശതമാനത്തോളം പണിയാണ് പൂര്‍ത്തിയായത്.