പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്. പുതിയ വേർഷൻ ഇ ആർ എസ് എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും .
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തനരഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.