വാർത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനുള്ള കേരള ഗവർമെണ്ട് തീരുമാനം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്നാക്രമണവും വെല്ലുവിളിയുമാണ്. ജനാധിപത്യ സംവിധാനം സുശക്തമാകണമെങ്കിൽ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ ജീവവായുവാണ്. മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നിടത്ത് ഫാസിസം കടന്നുവരും. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും അതേ വഴിയാണ് പിണറായിയും പിന്തുടരുന്നത്.
വാർത്തയുടെ ഉറവിടം തേടാനും വിളിച്ചു വരുത്തി രേഖകൾ പരിശോധിക്കാനും സർക്കാർ ഉദ്യോഗസ്ഥന് അധികാരം നൽകാൻ തീരുമാനിച്ചു എന്നത് അത്യന്തം ആപൽക്കരമായ നീക്കമാണ്. മുഖ്യമന്ത്രി തന്നെയാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന വാർത്ത ശരിയാണെങ്കിൽ , അത് സർവ്വാധിപത്യത്തിലേക്കുള്ള പോക്കാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കുക.
സ്വതന്ത്രവും നീതിപൂർവ്വകവുമായ മാധ്യമപ്രവർത്തനത്തിനെതിരെ നടക്കുന്ന എല്ലാ ശ്രമങ്ങളും ജനാധിപത്യ വിശ്വാസികൾ പ്രതിരോധിക്കണം.
മോഡി അധികാരത്തിൽ വന്ന ശേഷം എത്ര മാധ്യമ പ്രവർത്തകരാണ് വധിക്കപ്പെട്ടത്. എത്ര മാധ്യമ പ്രവർത്തകർക്കെതിരെയാണ് ക്രിമിനൽ കേസുകൾ ചമച്ചത്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 159-ാം സ്ഥാനത്ത് നില്ക്കുന്നു എന്നത് രാജ്യത്തിന് നാണക്കേട് വരുത്തിയിരിക്കയാണ്.
മാധ്യമ സ്വാതന്ത്യം ഉയർത്തിപ്പിടിക്കാൻ നാം ജാഗ്രതയോടെ രംഗത്ത് വരിക.