കൊയിലാണ്ടി: ചരിത്രത്തിൽ നിന്നും മായ്ക്കാൻ ശ്രമിക്കുന്ന രാഷ്ട്രപിതാവിനെ വരകളിലൂടെ ജ്വലിപ്പിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേണലിസം വിദ്യാർത്ഥികൾ. എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഹ്യുമാനിറ്റീസ് ജേണലിസം മീഡിയ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ‘ഗാന്ധി വര’ ചിത്രരചന മത്സരം നടത്തിയത്. ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ മഹാത്മഗാന്ധിയുടെ ചിത്രം വരച്ച് ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ വിരുദ്ധതയുടെ പുതിയ കാലത്ത് മികച്ച കലാസൃഷ്ടികളിലൂടെ തിന്മകളെ പ്രതിരോധിക്കണമെന്നും സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള ശക്തമായ മീഡിയം ആയി കലകൾ മാറണമെന്നും റഹ്മാൻ കൊഴുക്കല്ലൂർ പറഞ്ഞു.
പെൻസിൽ ഡ്രോയിങ്ങിൽ പ്ലസ് വൺ സയൻസിലെ ഗായത്രി ശ്രീരാമും, ജലഛായത്തിൽ പ്ലസ് വൺ കോമേഴ്‌സിലെ പി ആദിത്യനും ഒന്നാം സ്ഥാനം നേടി.
മീഡിയ ക്ലബ്ബ് കോ ഓർഡിനേറ്റർ സ്നിഗ്ധ സി അധ്യക്ഷ വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ പി ശ്രീ ഷൈജു, മീഡിയ ക്ലബ് ചീഫ് കോ ഓർഡിനേറ്റർ സാജിദ് അഹമ്മദ്, കെ എൻ ഷിജി, ഫൈസൽ പൊയിൽക്കാവ്, സായൂജ് സുനിൽ, റാനിയ അൻവർ എന്നിവർ സംസാരിച്ചു.