സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത അസം സ്വദേശിയായ പ്രസൻജിത്ത് (21) കൈവിലങ്ങുമായി ചാടിപ്പോയി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഫറോക്ക് ചന്തയിലെ ഒരു സ്കൂൾ ശുചിമുറിയിൽനിന്ന് ഇയാളെ പോലീസ് പിടികൂടി.
പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളായ ഉത്തർപ്രദേശ് സ്വദേശിനിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽനിന്ന് കണ്ടെത്തിയ ഇരുവരെയും ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ പോലീസ് സ്റ്റേഷനിലെ ബെഞ്ചിൽ വിലങ്ങണിയിച്ച് ഇരുത്തി. പോലീസുകാരുടെ ശ്രദ്ധ മാറിയ തക്കംനോക്കി പ്രസൻജിത്ത് സ്റ്റേഷന്റെ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.
പ്രതിക്കായി പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. കൈവിലങ്ങുള്ളതിനാൽ അധികം ദൂരം പോയിട്ടുണ്ടാവില്ലെന്ന് പോലീസ് ഊഹിച്ചു. ഫറോക്ക് ചന്തക്കടവ് റോഡിലെ ഗോഡൗണുകൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലും പോലീസ് പരിശോധിച്ചു. രാത്രി വൈകിയും തിരച്ചിൽ തുടർന്നു. ഒടുവിൽ പുലർച്ചെ 2.45-ന് ഫറോക്ക് ചന്തയിലെ ജി.എം.യു.പി. സ്കൂളിലെ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രസൻജിത്തിനെ കണ്ടെത്തുകയായിരുന്നു. നാല് മാസം മുൻപ് വെൽഡിങ് ജോലിക്കായി കേരളത്തിലെത്തിയ പ്രസൻജിത്തിന് പ്രദേശത്തെക്കുറിച്ച് നല്ല പരിചയമുണ്ടായിരുന്നു.