വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 11 ന്) ആരംഭിച്ച ലേലത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പങ്കാളിത്തമാണുള്ളതെന്ന് ലേലത്തിന്റെ ചുമതലയുള്ള എക്സൈസ് ഓഫീസര്‍ ബിജു പറഞ്ഞു. ഇതുവരെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മലപ്പുറം ഡിവിഷന്‍ ഓഫീസുകളിലെ ലേലം പൂര്‍ത്തിയായപ്പോള്‍ ആകെ 83 വാഹനങ്ങളാണ് വിറ്റുപോയത്. ഓഗസ്റ്റ് 21 ന് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ എക്സൈസ് ഡിവിഷന്‍ ഓഫീസുകളിലാണ് അവസാന ലേലം നടക്കും.
1284 വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ലേലമാണ് സംസ്ഥാനമാകെ പുരോഗമിക്കുന്നത്. എന്നാല്‍ ദീര്‍ഘനാളായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. ഈ ആശങ്കയ്ക്ക് പരിഹാരമുണ്ടെന്ന് വ്യക്തമാക്കുകയാണ് എക്സൈസ് വകുപ്പ്. ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലെത്തി ലേലത്തിലെ വാഹനങ്ങളുടെ ഗുണനിലവാരം നേരിട്ട് പരിശോധിക്കാനാകും. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലം പൂര്‍ത്തിയായ ശേഷം ലേലം വിളിച്ചയാള്‍ സ്വന്തം ചിലവില്‍ കൊണ്ടു പോകണം.