തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി. ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നൽകിയത്. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഡോ ഹാരിസ് മറുപടിയിൽ പറയുന്നു. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്നതടക്കമുള്ള മറ്റ് ആരോപണങ്ങൾ തള്ളിയ ഡോ ഹാരിസ് സർവ്വീസ് ചട്ടലംഘനത്തിൽ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
കഴിഞ്ഞദിവസം സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരിസ് നടത്തിയത്. രോഗികൾക്ക് വേണ്ടി ശബ്ദിച്ചപ്പോൾ കേരളം കൂടെനിന്നെങ്കിലും സഹപ്രവർത്തകർ ഒറ്റികൊടുത്തെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഞായറാഴ്ച രാത്രി കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) വാട്‌സാപ് ഗ്രൂപ്പിലാണ് വൈകാരിക നൊമ്പരം പങ്കുവച്ചത്.