ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും, ശരംകുത്തി ആൽമരം മുതൽ നടപ്പന്തൽ യു ടേൺ വരെയും താത്കാലിക പന്തലുകൾ നിർമിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്ന പച്ച നിറത്തിലുള്ള വലകൾക്ക് പകരമാണ് ഈ വർഷം ഒന്നേകാൽ കിലോമീറ്ററിൽ പന്തലുകൾ നിർമിക്കുന്നത്. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേവസ്വം ബോർഡുമായി ആശയവിനിമയം നടത്താൻ പ്രധാന വകുപ്പുകൾ ലെയ്‌സൺ ഓഫിസർമാരെ നിയമിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി.
മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷ ഉറപ്പാക്കാൻ എരുമേലി-മുക്കുഴി-പമ്പ പാതയിലെ വിരികളിൽ ഫയർ ഓഡിറ്റ് നടത്തിയ ശേഷം മാത്രം നിർമാണ അനുമതി നൽകാൻ ജില്ലാ കലക്ടർ നിർദേശിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ഹൃദ്രോഗ വിദഗ്ധരടക്കം ലഭ്യമാകുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ആൻ്റി വെനം ഉറപ്പാക്കും.
മൈലപ്ര-മണ്ണാറക്കുളഞ്ഞി, മണ്ണാറക്കുളഞ്ഞി-ചാലക്കയം-പമ്പ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഹമ്പുകളും വളവുകളും സൂചിപ്പിക്കുന്ന ബോർഡുകൾ അഞ്ചു ഭാഷകളിലായി സ്ഥാപിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്കുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. പമ്പയിലെ ജലനിരപ്പ് തത്സമയം കാണിക്കാൻ ഇലക്ട്രോണിക് ഡിസ്‌പ്ലേ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. കെഎസ്ആർടിസി ബസുകളിൽ കയറാൻ തീർഥാടകർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തും. പമ്പ ഹിൽടോപ്പിൽ 20 കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും പരിശോധിക്കുന്നുണ്ട്. റാന്നിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം ആരംഭിക്കും. ലഹരിക്കെതിരെ വിവിധ ഭാഷകളിൽ സൂചനാബോർഡുകൾ സ്ഥാപിക്കും. കടകളിൽ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടികയും ഗുണമേന്മയും വൃത്തിയും ഉറപ്പാക്കാൻ നിർദേശിച്ചു.