വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച് കുടുങ്ങുമ്പോൾ വല ഉപയോഗശൂന്യമാകുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യമേഖല സജീവമാകുന്നതിനിടെയാണ് പേത്തശല്യം വ്യാപകമായത്. വലിയ ഇൻബോർഡ് വള്ളങ്ങളിൽ വല എറിഞ്ഞ് തിരികെ കയറ്റാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. അതിനിടയിൽ മാക്രികൾ കുടുങ്ങിയാൽ 15 ലക്ഷം രൂപ വില വരുന്ന വല പോലും നശിക്കും.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് കടൽമാക്രി ആക്രമണം കൂടാൻ കാരണമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
