സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് കളക്ടറേറ്റിലെ താലൂക്ക് ഓഫീസിന് സമീപത്തുള്ള യാഡിലേക്ക് വാഹനങ്ങൾ മാറ്റിയത്.
ഉപയോഗ ശൂന്യമായ 20 വാഹനങ്ങളാണ് നിലവിൽ കലക്ടറേറ്റ് കോമ്പൗണ്ടിലുള്ളത്. ഇവയെല്ലാം യാർഡിലേക്ക് മാറ്റി പരമാവധി പാർക്കിങ് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ടതും വിവിധ കേസുകളിൽ ഉൾപ്പെട്ടതുമായ വാഹനങ്ങളാണ് നീക്കിയത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി, ഹര് ഘര്‍ തിരംഗ ഹര് ഘര്‍ സ്വച്ഛത ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മെഗാ ക്ലീനിങ്ങിൻ്റെ ഭാഗമായാണ് കളക്ടറേറ്റിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തത്.