വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം മാറ്റമില്ലാതെ തുടരുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. വിലങ്ങാട് പുനരധിവാസ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൊറട്ടോറിയം നിലനില്‍ക്കെ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇതിന് ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. മൊറട്ടോറിയം വ്യവസ്ഥകള്‍ക്ക് വിപരീതമായി വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുക ജിപിഎസ് ലൊക്കേഷന്‍ പരിശോധിച്ച ശേഷമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. എന്‍ഐടി റിപ്പോര്‍ട്ട് അനുസരിച്ച് ഒമ്പത്, 10, 11 വാര്‍ഡുകളിലെ നിര്‍മാണ പ്രവൃത്തികള്‍ വിലക്കിയിരുന്നു.
സ്വകാര്യ നിര്‍മാണ പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി മുഖേന ജിപിഎസ് ലൊക്കേഷന്‍ അടങ്ങുന്ന അപേക്ഷ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കണം. ഈ സ്ഥലം നിര്‍മാണ പ്രവൃത്തികള്‍ക്ക് സുരക്ഷിതമാണോയെന്ന് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുക. സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട അപേക്ഷ വകുപ്പുകളാണ് നല്‍കേണ്ടത്.
ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവൃത്തി പുരോഗതി, ധനസഹായ വിതരണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പരിധിയില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ സജ്ജമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശാന്തിനഗര്‍ കോളനി കടല്‍ഭിത്തിയുടെ അടിയന്തര പ്രവൃത്തിക്ക് 10 ലക്ഷം രൂപയും കാപ്പാട് കടല്‍ഭിത്തിയുടെ അടിയന്തര നിര്‍മാണത്തിന് 20 ലക്ഷം രൂപയും അനുവദിച്ചതായും കലക്ടര്‍ അറിയിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി എം ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, വടകര തഹസില്‍ദാര്‍ ഡി രഞ്ജിത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി എന്‍ മനോജ്, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.