കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ അലോക് സിങ് അറിയിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ എന്നിവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് എം.ഡിയുടെ പ്രതികരണം.
26 വിമാനങ്ങളുമായി ഹ്രസ്വദൂര അന്താരാഷ്ട്ര സർവീസുകൾക്കായി പ്രവർത്തനം തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ നൽകിയ വിമാനത്താവളം കോഴിക്കോട് ആണെന്നും, ടാറ്റ ഏറ്റെടുത്ത ശേഷം 115 വിമാനങ്ങളായി കമ്പനി വളർന്നിട്ടും അർഹിച്ച പരിഗണന ലഭിക്കാത്തതായും എം.പിമാർ ചൂണ്ടിക്കാട്ടി.
കോഴിക്കോട് മാത്രം അമിത ഹജ്ജ് വിമാന നിരക്ക് ഈടാക്കിയതിനെതിരെ എം.പിമാർ പ്രതിഷേധം രേഖപ്പെടുത്തി. തീർഥാടകർ വിമാനത്താവളത്തെ കൈവിടുന്നത് ഇത്തവണ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. അമിത നിരക്ക് ഒഴിവാക്കുമെന്ന് ഉറപ്പുനൽകിയ എം.ഡി, ആഭ്യന്തര സർവീസ് വർധിപ്പിക്കാനുള്ള ആവശ്യം പരിഗണിക്കുമെന്നും അറിയിച്ചു.
നിലവിലുള്ള ബംഗളൂരു സർവീസ് ഡൽഹിവരെ നീട്ടുന്നതും, പുതിയ നവി മുംബൈ വിമാനത്താവളം ആരംഭിക്കുന്നതോടെ കോഴിക്കോട്–മുംബൈ സർവീസ് ആരംഭിക്കുന്നതും കമ്പനി പരിശോധിക്കും. ടൂറിസം മേഖല വികസനത്തിന്റെ ഭാഗമായി ഗോവ സർവീസ് സാധ്യതയും വിലയിരുത്തും.
തിരുവനന്തപുരം, കൊൽക്കത്ത റൂട്ടുകളിലും സർവീസ് വർധിപ്പിക്കണമെന്നും, കുവൈത്ത്, ബഹ്‌റൈൻ, അൽ ഐൻ എന്നീ നിലവിലെ അന്താരാഷ്ട്ര സർവീസുകൾ പ്രതിദിനമായി നടത്തണമെന്നും, ഫുജൈറ, മദീന, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.