ഹരിപ്പാട് : മായം കലർന്നതായി സംശയിക്കുന്നതും തെറ്റായ ലേബലിൽ വിൽപ്പനയ്ക്കൊരുങ്ങിയതുമായ 6500 ലിറ്റർ വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഹരിപ്പാട് തുലാംപറമ്പിൽ പ്രവർത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയിൽ സ്ഥാപനത്തിൽ നിന്നാണ് എണ്ണ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച എണ്ണ കുപ്പികളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനിടെയാണ് പരിശോധന. സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി എൻഎബിഎൽ അംഗീകൃത ലാബിലേക്ക് അയച്ചു.ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബിമോൾ, ഹരിപ്പാട് സർകിള്‍ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബിക, ആലപ്പുഴ സർകിള്‍ ഓഫീസർ രാഹുല്‍ രാജ്, ചെങ്ങന്നൂർ സർകിള്‍ ഓഫീസർ എസ്. ശരണ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
