ലോക കണ്ടല്‍ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സമര്‍പ്പിച്ചു. ബേപ്പൂര്‍ ബി സി റോഡിന്റെ തീരത്തുള്ള വീടുകളില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്. എന്‍എസ്എസ് വോളണ്ടിയര്‍മാരായ മുഹമ്മദ് സ്വാലിഹ്, ഫാത്തിമ നിദ, പ്രിന്‍സിപ്പല്‍ എ അരുണ്‍, പ്രോഗ്രാം ഓഫീസര്‍ എം റീഷ്മ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.
സ്‌കൂളിലെ രണ്ടാം വര്‍ഷ എന്‍എസ്എസ് വോളന്റിയര്‍മാരാണ് സര്‍വേ നടത്തിയത്. കരിങ്കല്ലും സിമന്റും ഉപയോഗിച്ചുള്ള കടല്‍ഭിത്തികളേക്കാള്‍ സംരക്ഷണം നല്‍കാന്‍ കണ്ടലുകള്‍ക്ക് കഴിയുമെന്നും കണ്ടലുകള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണം വളരെ ഫലപ്രദമാണെന്നും നിയമം അനുവദിച്ചാല്‍ കണ്ടലുകള്‍ വെച്ചുപിടിപ്പിക്കാന്‍ തയാറാണെന്നും സര്‍വേയില്‍ പങ്കാളികളായവര്‍ ഒരുപോലെ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള കണ്ടല്‍ സസ്യങ്ങള്‍ നിലനിര്‍ത്തുകയും ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് തീരപ്രദേശത്ത് കണ്ടല്‍ വളര്‍ത്താനും അവയെ വെട്ടിയൊതുക്കാനുമുള്ള അവകാശം നല്‍കുകയും ചെയ്യുന്നത് നന്നാകുമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.