മത്സ്യ തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കടല്‍മാക്രി (പേത്ത-പവര്‍ഫിഷ്)ശല്യമേറുന്നു. മറ്റ് മത്സ്യങ്ങളോടൊപ്പം വലയില്‍ അകപ്പെടുന്ന കടല്‍മാക്രീ കൂട്ടം,വലയില്‍ നിന്ന് പുറത്ത് കടക്കാന്‍ മൂര്‍ച്ചയേറിയ പല്ലുകള്‍ ഉപയോഗിച്ചു വല കടിച്ചു കീറുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടമാണ് മത്സ്യ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത്. വലകള്‍ക്ക് നാശം സംഭവിക്കുന്നതോടൊപ്പം,പിടികൂടിയ മത്സ്യങ്ങള്‍ അതു വഴി പുറത്തു ചാടുമ്പോള്‍ ഒന്നും ലഭിക്കാതെ തിരികെ വരേണ്ട അവസ്ഥയും ഉണ്ടാകുന്നു. മത്സ്യ മേഖലയ്ക്ക് കടുത്ത ശല്യവും വിനയുമായി മാറുകയാണ് കടല്‍മാക്രീകള്‍.
കാലാവസ്ഥയിലും കടലിലെ ആവാസ വ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളാണ് കടല്‍മാക്രികള്‍ വര്‍ധിക്കുന്നതിന് കാരണമായി പറയുന്നത്. കേരള തീരത്ത് മിക്കവാറും എല്ലാ തിരദേശ മേഖലകളിലേയും മത്സ്യ തൊഴിലാളികള്‍ ഇതിന്റെ പ്രയാസമനുഭവിക്കുന്നു. ചില പ്രത്യേക സ്ഥലങ്ങളില്‍ കടല്‍മാക്രികള്‍ വലയില്‍ കുടങ്ങിയാല്‍ ആ ഭാഗത്തേക്ക് പോകുന്നതില്‍ നിന്നും മറ്റ് വളളക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടല്‍മാക്രികള്‍ കൂടിവരികയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
മഴ മാറി പ്രസന്നമായ കാലാവസ്ഥ രൂപപ്പെടുന്ന ഓഗസ്റ്റ് സെപ്റ്റംബര്‍ മാസക്കാലത്ത് മത്സ്യ ലഭ്യത കൂടി വരുന്ന കാലത്താണ് കടല്‍മാക്രി ശല്യം ഉണ്ടാവുന്നത്.ഒരു തരം ചെറു മത്സ്യങ്ങള്‍ തന്നെയാണ് കടല്‍മാക്രികള്‍. എന്നാല്‍ ഭക്ഷണാവശ്യത്തിനായി കടല്‍മാക്രികളെ ഉപയോഗിക്കാറില്ല.മറ്റ് മത്സ്യങ്ങളോടൊപ്പം വലയില്‍ കുടങ്ങുന്ന ഇവ വല നശിപ്പിച്ചു പുറത്ത് കടക്കും. വലിയ സാമ്പത്തിക ബാധ്യതയാണ് മത്സ്യ തൊഴിലാളികള്‍ക്ക് ഉണ്ടാകുക. പത്തും പതിനഞ്ചും ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ടുകാരും വഞ്ചിക്കാരും വല വാങ്ങുക. കീറിയ ഭാഗം തുന്നിച്ചേര്‍ക്കണമെങ്കില്‍ തന്നെ വലിയ തുക ചെലവ് വരും. വലിയ തോതില്‍ മീന്‍ കിട്ടുന്ന സമയത്താണ് കടല്‍മാക്രി ശല്യം ഉണ്ടാവുന്നത്. വല മാറ്റാനും അറ്റകുറ്റ പണി നടത്താനും ദിവസങ്ങള്‍ വേണ്ടി വരുന്നതിനാല്‍ തൊഴില്‍ നഷ്ടവും മത്സ്യ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നു.
തൊഴിലാളികള്‍ക്ക് മതസ്യ ബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ മിക്കവരും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാറില്ല. കടല്‍മാക്രി ശല്യം കാരണം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മത്സ്യ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി.എം.സുനിലേശന്‍ ആവശ്യപ്പെട്ടു.
കടല്‍മാക്രി ശല്യം കാരണം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് കരുനാഗപ്പളളി എം എല്‍ എ സി.ആര്‍.മഹേഷ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥകളൊന്നുമില്ലെന്നാണ് അതിന് മറുപടിയായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്.
കടല്‍മാക്രികള്‍ (പഫര്‍ ഫിഷ്)
വീര്‍ത്ത് വലുതാകുന്ന ശരീരപ്രകൃതമുള്ളതും ശരീരത്തിലാകെ മുള്ളുകളുമുള്ള മത്സ്യമാണ് കടല്‍മാക്രി. വലിയ മൂര്‍ച്ചയുള്ള പല്ലും മുള്ളുമാണ് ഇവയുടെ ആയുധം. ഇവര്‍ കൂട്ടത്തോടെ വലയില്‍ അകപ്പെട്ടല്‍ വല പാടെ നശിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലും,ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലുമാണ് കടല്‍മാക്രികളെ സാധാരണയില്‍ കൂടുതലായി കണ്ടുവരാറുള്ളത്. വിവിധ രൂപത്തിലുള്ള കടല്‍മാക്രികളുമുണ്ട്. വിഷമുള്ള മത്സ്യമായതിനാല്‍ ഇതിനെ ഭക്ഷിക്കാറില്ല. എന്നാല്‍ ജപ്പാന്‍കാര്‍ ചില രോഗങ്ങള്‍ക്ക് ചികിത്സയ്ക്കായി കടല്‍മാക്രികളെ ഉപയോഗിക്കാറുണ്ട്.ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫര്‍ മത്സ്യം. മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകംചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ക്ക് അത്യാഹിതം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.