സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു. മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നു. സർക്കാർ അംഗീകരിച്ച ഒരു മദ്യനയമുണ്ട്.
അതിൽ കേന്ദ്രീകരിച്ച പ്രവർത്തനം നടത്തും. മദ്യ വിൽപ്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസ്റ്റിലറി അനുവദിച്ചവർ ഇവിടെ ശക്തമായ വിമർശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.