നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച ഇല്ലംനിറ
ചടങ്ങിന് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി എൻ എസ് വിഷ്ണുനമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. കേരളീയ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും കർക്കിടക മാസത്തിൽ നടന്നിരുന്ന ഒരു ആചാരമാണ് ഇല്ലംനിറ.
സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തു നിന്ന് ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേക്ക് വഴിപാടായികൊടുക്കും. ദേശ പരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്ക് ലഭിക്കുമെന്നുമാണ് വിശ്വാസം.
അന്ന് ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം ഒരേ പ്രാർഥനയാണുള്ളത്. ‘നിറ’യെന്നും ‘പൊലി’യെന്നും. ‘ഇല്ലം നിറ’ (വീടുനിറയട്ടെ), ‘വല്ലം നിറ’ (കുട്ട നിറയട്ടെ).’കൊല്ലം നിറ'(വർഷം മുഴുവൻ നിറയട്ടെ),’പത്തായം നിറ’, ‘നാടുപൊലി’, ‘പൊലിയോ പൊലി’ എന്നി ങ്ങനെ പോകുന്നു ആ പ്രാർഥന.
ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും.
പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഈ ചടങ്ങ് നടത്താറുള്ളത്.ആചാരാനുഷ്ഠാനത്തോടെ ഏറ്റുവാങ്ങുന്ന നെൽക്കതിരുകൾ വീടുകളിൽ കൊണ്ടു പോയി ഒരു വർഷം സൂക്ഷിക്കും.
നിറപുത്തരി
വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്‌ക്കുന്ന ചടങ്ങാണ് നിറപുത്തരി. കൊയ്‌ത്തു കഴിഞ്ഞു നെല്ല് പത്തായത്തിൽ നിറയ്‌ക്കും മുമ്പ് ഗൃഹവും പരിസരവും അറയും പത്തായവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഈ ചടങ്ങ് ക്ഷേത്രങ്ങളിലും പതിവുണ്ട്.
മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കർക്കടകത്തിന്റെ രണ്ടാം പകുതിയിലും ചിലയിടങ്ങളിൽ ചിങ്ങത്തിലും ഇത് നടത്തുക പതിവുണ്ട്. കൊയ്‌തെടുത്ത നെൽക്കറ്റ ഗൃഹത്തിന്റെ വാസ്‌തുവിനു പുറത്തു കൊണ്ടുവന്നു വയ്‌ക്കും. വീട്ടിലെ മുറികളെല്ലാം അരിമാവുകൊണ്ട് അണിഞ്ഞിരിക്കും. തുടർന്നു ഭഗവതി പൂജ. പൂജാമധ്യത്തിൽ കറ്റകൾ വീട്ടിലേക്ക് എഴുന്നള്ളിച്ചു പൂജിക്കും. ദേവിക്കു സമർപ്പിച്ച നിവേദ്യവും കറ്റയിൽ നിന്നുള്ള ഓരോ നെൽക്കതിരും ഓരോ മുറിയിലും അരിമാവണിഞ്ഞ സ്‌ഥലത്ത് ഇലയിൽ വയ്‌ക്കും.
കാഞ്ഞിരത്തിന്റെ ഇലയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. കണ്ണട എന്നു പറയുന്ന ചെറിയ അടയാണു സാധാരണ നിറപുത്തരിക്കു നിവേദ്യമായി തയാറാക്കാറുള്ളത്. ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കറ്റയിൽനിന്ന് ഒന്നോ രണ്ടോ പിടി അറവാതിൽക്കലും പൂമുഖത്തും കെട്ടിത്തൂക്കും.
ബാക്കിയുള്ള കറ്റ മെതിച്ചുകുത്തി ആ അരികൊണ്ടു പുത്തരിച്ചോറു തയാറാക്കി കഴിക്കണമെന്നാണു വിധി. ക്ഷേത്രങ്ങളിൽ പലയിടത്തും പുത്തരിപ്പായസം നിവേദിക്കുക പതിവുണ്ട്. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലത്തെയാണു വീട്ടിലേക്ക് എഴുന്നള്ളിക്കുന്നത്. അതുകൊണ്ടുതന്നെ കാർഷിക വൃത്തിക്കും കർഷകർക്കുമുള്ള അംഗീകാരവും ആദരവും കൂടിയാണിത്.