കൊയിലാണ്ടി: സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനപ്പെട്ടതാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, ‘ഹർ ഘർ തിരംഗ, ഹർ ഘർ സ്വച്ഛതാ’ ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ശുചിത്വ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് രാജ്യമെമ്പാടും ആഘോഷിക്കുന്നത്. നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നഗരസഭാ സെക്രട്ടറി ശ്രീ. പ്രദീപ് എസ്. (KAS) ൽ നിന്ന് ക്യാമ്പയിൻ പോസ്റ്റർ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക, ശുചിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വരും ദിവസങ്ങളിൽ ഈ പ്രവർത്തനങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സജീവമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു എൻ എസ്, പ്രജിഷ പി. കൗൺസിലർമാരായ, സിറാജ്, സുമതി കെ.എം രാജീവൻ എൻ ടി എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ സി രാജീവൻ നന്ദി പറഞ്ഞു.