കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി ആൻ കരുൺ-ചെലവൂർ വേണു വേദിയിൽ ഓപ്പൺ ഫോറങ്ങളുടെ ഉദ്ഘാടനം സംവിധായകൻ ഷാജൂൺ കാര്യാൽ നിർവഹിച്ചു. അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. റിഫോംസ്: നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങള്‍’ എന്ന വിഷയത്തിലാണ് ആദ്യത്തെ ഓപ്പണ്‍ ഫോറം നടന്നത്. ജാതി, ലിംഗ, വർഗ്ഗ വേർതിരിവുകളോ അതിരുകളോ മറ്റ് സ്വാധീനങ്ങളോ ഇല്ലാതെ ഏവർക്കും സിനിമയെടുക്കാനാകണം എന്ന് ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാജൂൺ കാര്യാൽ പറഞ്ഞു. പുതിയ സിനിമ നയം അതിലേക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ദീർഘവീക്ഷണത്തോടെയുള്ള നയരൂപീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏവരെയും ഉൾകൊള്ളാൻ കഴിയുന്ന ഇടമായി ഈ മേഖലയെ മാറ്റുകയാണ് സർക്കാർ നയമെന്നും പ്രേംകുമാർ പറഞ്ഞു.
പത്രപ്രവർത്തകൻ കെ എ ജോണി,സംവിധായകൻ പ്രതാപ് ജോസഫ്, നടി സജിത മഠത്തിൽ, സംവിധായിക ശോഭന പടിഞ്ഞാറ്റിൽ, നിരൂപകൻ കെ സി ജിതിൻ, ഡോ. അഭിലാഷ് ബാബു ചെലവൂർ വേണുവിന്റെ സഹധർമിണി സുകന്യ, ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു.
സിനിമാനയം: ജനാധിപത്യപരമായ ചരിത്ര ഇടപെടലെന്ന് ഓപ്പണ്‍ഫോറം
ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ ചലച്ചിത്രനയം രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും സിനിമ മേഖലയുടെ ഗുണപരമായ മാറ്റങ്ങൾക്ക് അത് വഴിതുറക്കുമെന്നും മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി റിഫോംസ്: നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങള്‍’ എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം നടന്നത്.
ഏറ്റവും ജനാധിപത്യപരമായി സിനിമാപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് കേരളത്തിൽ സിനിമാനയം രൂപീകരിക്കുന്നത്. ഇത് സ്വാഗതാർഹമാണെന്ന് ഓപ്പൺ ഫോറം നിരീക്ഷിച്ചു.
മാധ്യമപ്രവര്‍ത്തകനായ കെ.എ ജോണി വിഷയാവതരണം നടത്തി. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് സിനിമാ നയമെന്നും സർക്കാരിന്റെ നേരിട്ട ഇടപെടലിലൂടെയാണ് ജനാധിപത്യപരമായ സിനിമാനയ രൂപീകരണമെന്നും നടി സജിത മഠത്തില്‍ അഭിപ്രായപ്പെട്ടു. സിനിമാ നയത്തിന്റെ രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സിനിമാക്കാരുടെ അടിസ്‌ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും സാധിക്കണമെന്നും സംവിധായകന്‍ പ്രതാപ് ജോസഫ് പറഞ്ഞു. ലോകസിനിമയില്‍ കാണികളുടെ സ്വീകാര്യതയില്‍ വലിയരീതിയില്‍ മാറ്റം വരുന്ന കാലമാണിത്. സിനിമ എന്ന മാധ്യമത്തിലുപരി കണ്ടന്റിനും ഹൊറര്‍ ത്രില്ലര്‍ പോലുള്ള ജോണറുകള്‍ക്കും മാത്രം വിതരണക്കാരെ കിട്ടുന്ന സാഹചര്യമുണ്ട്. ഈ കാലത്താണ് കേരളം പോലൊരു ചെറിയ സംസ്ഥാനം സിനിമയെ സംബന്ധിച്ച നയം രൂപീകരിക്കുന്നതിന്റെ വലിപ്പം മനസ്സിലാക്കേണ്ടതെന്നും ചലച്ചിത്രനിരൂപകന്‍ കെ സി ജിതിന്‍ പറഞ്ഞു.
സാങ്കേതിക വളർച്ചയുടെ സാധ്യതകളെ കൂടി പരിഗണിച്ചുള്ള സിനിമ നയം ഉണ്ടാവണമെന്ന് സംവിധായിക ശോഭന പടിഞ്ഞാറ്റില്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രം നിര്‍മ്മിക്കുന്നവര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനുകൂടി നല്ല സിനിമയെ സ്വീകരിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും അതുവഴി മാത്രമേ സ്വതന്ത്രസിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയുള്ളുവെന്നും സംവിധായകന്‍ ഡോ. അഭിലാഷ് ബാബു പറഞ്ഞു.
ചരിത്രപരമായ ഒരു ഇടപെടലിലേക്കാണ് സിനിമാ നയത്തിന്റെ രൂപീകരണത്തിലൂടെ കേരള സര്‍ക്കാര്‍ കടക്കുന്നതെന്നും ആത്മവിശ്വാസത്തോടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഇടങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും ഓപ്പണ്‍ ഫോറം ക്രോഡീകരിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അഭിപ്രായപ്പെട്ടു.