കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോർണേഷൻ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സമ്പന്നമായ ചലച്ചിത്ര സംസ്കാരമുള്ള നാടാണ് കോഴിക്കോട്. കലാകാരരെ എന്നും ചേർത്തു നിർത്തുന്ന നാട്ടിലേക്ക് മേഖല രാജ്യാന്തര ചലച്ചിത്ര മേള എത്തിയത് സന്തോഷമുള്ള കാര്യമാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
നാല് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൻ്റെ ആദ്യ ഡെലിഗേറ്റ് കിറ്റ് നടി ആര്യ സലീം ഏറ്റുവാങ്ങി. സിനിമാനടിയായി അംഗീകരിക്കപ്പെടുന്നതും ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതും ഏറെ സന്തോഷമുളള കാര്യമാണെന്ന് ആര്യ പറഞ്ഞു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, നടനും ദേശീയ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് മുസ്തഫ, നടന്മാരായ അപ്പുണ്ണി ശശി, ആര്‍ എസ് പണിക്കര്‍, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ പി കെ ബവേഷ് തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്രോത്സവ സംഘാടക സമിതി കൺവീനർമാരായ കെ ജെ തോമസ്, കെ ടി ശേഖർ തുടങ്ങിയവര്‍ പങ്കെടുത്തു.