ഹയർ സെക്കന്ററി വിഭാഗത്തിന്റെ 35-ാം ജന്മദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റത്ത് കുട്ടികൾ ‘മധുരിതം 35’ ദൃശ്യരൂപമൊരുക്കി. 1990 ഓഗസ്റ്റ് 6 ന് ഹയർ സെക്കന്ററി വിഭാഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 2025 ഓഗസ്റ്റ് 6 ന് ഹയർ സെക്കന്ററി വിഭാഗത്തിന്റെ 35 വർഷങ്ങൾ പൂർത്തിയാക്കി.
കോളജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തുന്നതിന്റെ ഭാഗമായി 1990 ൽ കേരളത്തിലെ 31 ഗവൺമെന്റ് സ്കൂളുകളിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചു. 27/6/1990 ന് പുറത്തിറങ്ങിയ 138/90 G.Edn. എന്ന ഗവൺമെന്റ് ഉത്തരവാണ് കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ജനന സർട്ടിഫിക്കറ്റ്. 1990 ഓഗസ്റ്റ് 6 ന് ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ചന്ദ്രശേഖരൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ‘മധുരിതം 35’ എന്ന പേരിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ മുഴുവൻ കുട്ടികളും അണിനിരന്ന് 35 എന്ന ദൃശ്യരൂപം വിദ്യാലയ മുറ്റത്ത് ഒരുക്കി. വർണ്ണമനോഹരമായ പുസ്തകങ്ങൾ കൈകളിലേന്തിയാണ് കുട്ടികൾ അണിനിരന്നത്. പ്രിൻസിപ്പൽ എൻ.എം. നിഷ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, ഹയർ സെക്കന്ററി അധ്യാപകർ, സ്കൗട്ട് ട്രൂപ്പ് ലീഡർ എൻ. കൃഷ്ണനുണ്ണി, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ എന്നിവർ ‘മധുരിതം 35’ പരിപാടിയ്ക്ക് നേതൃത്വം നൽകി.