വടകരയിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയായ ആശയിലെ 20 ഓളം ജീവനക്കാർക്ക് രോഗം ബാധിച്ചു. ചോറോട്, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ നിന്നും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ചികിത്സ തേടി ആശുപത്രികളിലെത്തുന്നുണ്ട്. ദിനം പ്രതി കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതോടെ ജീവനക്കാർ അവധിയിലാണ്. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ച പാശ്ചാത്തലത്തിൽ നഗരസഭ ആരോഗ്യ വിഭാഗം കുടിവെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ട്. മലാപറമ്പിലെ റീജനൽ ലബോറട്ടറിയിലേക്ക് അയച്ച വെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭ്യമാകും. റിപ്പോർട്ട് പുറത്തു വന്നാലെ വെള്ളത്തിലൂടെയാണോ പകർന്നതെന്ന് വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിലും പരിസരത്തും ജല അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ദേശീയ പാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി അഴുക്കുചാലുകൾ പലയിടത്തും തകർന്ന് കിടക്കുകയാണ്. മഴയിൽ മലിനജലം കുടിവെള്ളത്തിലേക്ക് കലർന്നിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും.
രോഗബാധയെ തുടർന്ന് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. തിളപ്പിച്ചാറ്റിയ കുടിവെള്ളം മാത്രമേ നൽകാവൂവെന്ന് നിർദേശം നൽകി. പരിസര ശുചിത്വം പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത് ആശങ്കക്കിടയാക്കുന്നു. മൂന്നാഴ്ചക്കിടയിൽ 60 പേർക്ക് രോഗം പിടിപെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വിവിധ വാർഡുകളിലായി 30 ലധികം രോഗികളുണ്ട്.