ശുചിത്വത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചു വരുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. മനുഷ്യൻ്റെ പ്രവൃത്തിദോഷം മൂലം പല മാരക രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരുക്കുമ്പോൾ രോഗമില്ലാത്ത അവസ്ഥയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ പരിസരശുചിത്വം ഉറപ്പുവരത്തണമെന്ന വലിയ സന്ദേശത്തിലൂടെ സമൂഹത്തെ ഓർമ്മപ്പെടുത്തുകയാണ് ‘ഇതെന്ത് ഡങ്കിയ’ എന്ന ചെറു സിനിമയിലൂടെ സംവിധായകനായ ദാസൻ കെ.പെരുമണ്ണ. നാട്ടിൻ പ്രദേശത്തെ ഒരു ചായപീടികയിലൂടെയാണ് ‘ഇതെന്ത് ഡങ്കിയ ‘ എന്ന ഹ്രസ്വചിത്രത്തിൻ്റെ കഥ പറയുന്നത്. ആ പ്രദേശത്തെയും സമീപപ്രദേശത്തെയും ജനങ്ങളെ ഡെങ്കിയെന്ന മാരകരോഗം കവർന്നുകൊണ്ടു പോയപ്പോൾ ഇനി ഡെങ്കിബാധിച്ച് ഒരു മനുഷ്യനും ഈ ഗ്രാമത്തിൽ മരിക്കരുതെന്ന ദൃഢനിശ്ചയത്തിൽ പരിസര ശുചീകരണം അത്യാവശ്യമാണെന്ന ഉറച്ച തീരുമാനമെടുക്കുകയും അതിനായി ചായക്കടയിൽ നിന്നു തന്നെ ഗ്രാമവാസികളായ അവർ ഇറങ്ങിത്തിരിക്കുന്നതാണ് ‘ഇതെന്ത് ഡങ്കിയ ‘ എന്ന ചെറു സിനിമയിൽ സംവിധായകൻ വരച്ചുകാട്ടുന്നത്.
നർമ്മങ്ങളും സങ്കടങ്ങളും കോർത്തിണക്കിയാണ് കുന്നുമ്മൽ ഫാമിലി ഫിലിംസിൻ്റെ ബാനറിൽ സംവിധായകനായ ദാസൻ കെ.പെരുമണ്ണ ചിത്രം ഒരുക്കിയിട്ടുള്ളത്. പഴയ കാല ജീവിതരീതിയും ഒരു നാടിൻ്റെ സ്നേഹവും സൗഹൃദവും അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലൂടെ പുതുതലമുറക്ക് ഓർമ്മപ്പെടുത്തി കൊടുക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പരിസരബോധം വിളിച്ചോതുന്ന ഇതിലെ ഗാനവും ഗാനരംഗങ്ങളും വളരെയേറെ ശ്രദ്ധേയമാണ്. പ്രശസ്ത നാടകനടനും സിനിമനടനുമായ മുഹമ്മദ് പേരാമ്പ്രയാണ് ബാദുഷ മുസ്തഫ നിർമ്മിച്ച ഈ ചിത്രത്തിലെ ‘ഹാജ്യാർ’ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ അബി പേരാമ്പ്ര, സുരേഷ് അലീന, സുനീഷ് യോഗിമഠം, ധനിഷ ബിജു കാരയാട്, ഷൈനി വിശ്വൻ, സിന്ധു മനോജ്, ശശി ടി.വി, ധാർമിക്ക് ദേവ്, മിലൻ ദേവ് തുടങ്ങി നിരവധി ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ക്യാമറയും എഡിറ്റിംങ്ങും യു.കെ ഷാജു പൈതോത്ത് ആണ്. ‘ഇതെന്ത് ഡെങ്കിയ ‘ എന്ന സാമൂഹിക ബോധവൽക്കരണ സിനിമ ഇന്ന് വിവിധ ആശുപത്രികളിലും ക്യാമ്പസുകളിലും അങ്ങാടികളിലും നാട്ടങ്ങാടികളിലും പ്രദർശിപ്പിച്ചു വരുന്നുണ്ട്.
മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി സ്പെഷ്യൽ അവർഡ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, ഗാനങ്ങൾ, സംവിധാനം തുടങ്ങിയവ നിർവ്വഹിച്ച ദാസൻ കെ.പെരുമണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ചിത്രം മേളയിലെ നിരവധി ഹ്രസ്വചിത്രങ്ങളിൽ നിന്നും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് സംവിധായൻ്റെ കഴിവിന് കിട്ടിയ അംഗീകാരമാണ്. പഴശ്ശിരാജ സ്മാരക ട്രസ്റ്റ് മാനന്തവാടി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. നിപ ബാധിച്ച് മരണമടഞ്ഞ സിസ്റ്റർ ലിനിയെ ഓർമ്മപ്പെടുത്തിയാണ് ഈ ഹ്രസ്വചിത്രം തുടങ്ങുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതകഥ പറയുന്ന ഇന്ത്യയിലെ ആദ്യ ചലച്ചിത്രമായ ‘തൊഴിലുറപ്പ് ഒരു ചരിത്ര ഗാഥ’ ഒരുക്കിയതും ദാസൻ കെ.പെരുമണ്ണയാണ്. ഓഗസ്റ്റ് 17 ന് പേരാമ്പ്ര അലങ്കാർ മൂവീസിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ ഗാനരചനയും സംഗീതവും സംവിധായകനായ ദാസൻ കെ.പെരുമണ്ണയുടെതാണ്. കൂടാതെ കുടുംബശ്രീ ഡോക്യുമെൻ്ററി ചലച്ചിത്രവും, വൈകല്യം നിറഞ്ഞവരുടെ ജീവിത കഥ പറയുന്ന ആശാ കിരണം ഡോക്യൂമെൻ്ററിയും, നിരവധി ആൽബങ്ങളും ദാസൻ കെ.പെരുമണ്ണയെന്ന സംവിധായകനിലൂടെ പിറവിയെടുത്തിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മാറാട് കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ‘പൂന്താളി ബീച്ചിലെ സ്നേഹറാന്തൽ’ എന്ന ചെറുകഥയുമായി ഒറ്റയാൾ മതസൗഹാർദ്ദ സന്ദേശ യാത്ര നടത്തി ദാസൻ ജനശ്രദ്ധ നേടിയിരുന്നു. യാത്രയിൽ ഉടനീളം ഈ ചെറുകഥ സൗജന്യമായി വിതരണം ചെയ്യുകയും കഥയുടെ ആദ്യകോപ്പി കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ സുരേഷ് ഗോപി കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് ഏറ്റുവാങ്ങിയിരുന്നതായും ഈ യാത്ര മലപ്പുറം ജില്ലയിലെത്തിയപ്പോൾ പാണക്കാട് അബ്ബാസെലി തങ്ങൾ യാത്രയെ സ്വീകരിച്ചതും ദാസൻ കെ.പെരുമണ്ണ ഓർത്തെടുക്കുന്നു. ഈ കഥ പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തിലും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കോഴിക്കോട് പെരുമണ്ണ സ്വദേശിയ ദാസൻ ഇപ്പോൾ പേരാമ്പ്രയിലാണ് താമസിക്കുന്നത്. ആകാശവാണി കോഴിക്കോട് നിലയത്തിലെ ലക്ഷദീപ് പരിപാടിയിലെ ചെറുകഥ അവതാരകനായിരുന്ന ഇദ്ദേഹത്തിന് മലബാർ മാപ്പിള കല സാഹിത്യ വേദി ഏർപ്പെടുത്തിയ ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക അവാർഡും ലഭിച്ചിട്ടുണ്ട്.