മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന് നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോർണേഷൻ തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ (08) തിരി തെളിയും.
നാല് ദിവസത്തെ ചലച്ചിത്രോത്സവത്തിൽ നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും. ഡെലിഗേറ്റ് കിറ്റ് വിതരണ ഉദ്ഘാടനം ഇന്ന് (07) കൈരളി തിയ്യേറ്റര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. നടനും ദേശീയ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് മുസ്തഫ, ആര്‍ എസ് പണിക്കര്‍, അപ്പുണ്ണി ശശി, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്,
ചലച്ചിത്രോത്സവ സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലം മായാചിത്രങ്ങൾ
എം.ടി യുടെ ചലച്ചിത്ര ജീവിതം’ എക്‌സിബിഷന്‍ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകിട്ട് 4.30 ന് കൈരളി തിയ്യേറ്റര്‍ അങ്കണത്ത് നടക്കുന്ന എക്‌സിബിഷന്‍ കലാമണ്ഡലം സരസ്വതി, നര്‍ത്തകി അശ്വതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നിരൂപകന്‍ ഡോ എം എം ബഷീര്‍, നടി കുട്ട്യേട്ടത്തി വിലാസിനി, ഷെര്‍ഗ സന്ദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന മേഖല ചലച്ചിത്രോത്സവത്തിൽ
ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകൾ പ്രദർശിപ്പിക്കും. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ സീഡ് ഓഫ് എ സേക്രഡ് ഫിഗ് ആണ് ഉദ്ഘാടന ചിത്രം.
2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ദിവസവും അഞ്ച് പ്രദർശനങ്ങളുണ്ടാവും.
ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴ്, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങൾ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസ്സാമീസ് ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ മൂന്ന് ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ അഞ്ച് എന്നിങ്ങനെയാണ് സിനിമകളുട തെരഞ്ഞെടുപ്പ്. ഇവ കൂടാതെ അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം നടക്കും.
രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്കാണ് തിയ്യേറ്ററിൽ പ്രവേശിക്കാനാവുക. ഐഎഫ്എഫ്കെ വെബ്സൈറ്റിലെ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വഴിയും കൈരളിയിൽ ഒരുക്കിയ ഡെലിഗേറ്റ് സെല്ല് വഴിയുമാണ് ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.