പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി.എം. സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ ശതമാനത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അപേക്ഷകരിൽ 67.44 ശതമാനം പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു. ആകെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ നേട്ടമാണ് കേരളം ഈ വിഭാഗത്തിലും കൈവരിച്ചിട്ടുള്ളത്.
