കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (എംബിജിഐപിഎസ്) ശാസ്ത്രജ്ഞർ കഫീൻ രഹിതമായ ഔഷധ പാനീയ കൂട്ട് വികസിപ്പിച്ചു. താമര ഇതളും മറ്റ് ഔഷധ സസ്യങ്ങളും ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറം ചേർത്താണ് ‘അക്വാ ഫ്ലോറ ഇൻഫ്യൂസ്’ എന്ന പേരിൽ കൂട്ടം തയ്യാറാക്കിയത്.
സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്‌ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനു പുറമെ, തുണിയിൽ നിന്ന് രക്തക്കറ നീക്കം ചെയ്യാനുള്ള ഗവേഷണ ആശയം, ആൻ്റിമൈക്രോബിയൽ സ്വഭാവമുള്ള സംയുക്തം തുടങ്ങി സ്റ്റാർട്ടപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ ഉയർത്താൻ കഴിയുന്ന സാങ്കേതിക വിദ്യകളും സ്വയം സംരംഭകര്‍ക്കു കുറഞ്ഞ മുതല്‍മുടക്കില്‍ നിർമിക്കാവുന്ന ഗൃഹാലങ്കാര വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും കോഴിക്കോട് ഒളവണ്ണയിലെ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്.
ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ചു അക്വാ ഫ്‌ലോറിയ എന്ന പേരില്‍ വിവിധ രൂപത്തിൽ ഇവിടെ നിര്‍മിക്കുന്ന മനോഹരമായ ഗിഫ്റ്റ് മെമെന്റോകൾക്ക് ഇതിനോടകം ആവശ്യക്കാർ വന്നു തുടങ്ങിയിട്ടുണ്ട്. അധിനിവേശ സസ്യങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയും അവയോടൊപ്പം മറ്റു തനതായ സസ്യങ്ങളും ചേര്‍ത്താണ് ഡ്രൈ ഫ്ലവർ ഗൃഹാലങ്കാര വസ്തുക്കൾ നിർമിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണത്തിനായി പുതിയ സാങ്കേതിക വിദ്യയായ ഇക്കോളജിക്കൽ നിഷ് മോഡലിംഗ് (ഇഎൻഎം) ഉപയോഗിച്ച് സംരക്ഷണ മോഡല്‍, ഔഷധമൂല്യമുള്ളതോ ഹോര്‍ട്ടിക് കള്‍ച്ചര്‍ മൂല്യം ഉള്ളതോ ആയ സസ്യങ്ങളുടെ പൂമ്പൊടി അല്ലെങ്കില്‍ ബീജകോശങ്ങള്‍ ജീവനക്ഷമത നഷ്ടപ്പെട്ടു പോകാതെ ദ്രാവക നൈട്രജനില്‍ സൂക്ഷിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ എന്നിവയും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.