തിരുവനന്തപുരം : മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിന് പരമാവധി പിന്തുണ നൽകുമെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.കേരള മീഡിയ അക്കാദമി മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡിന് ശേഷം മാധ്യമരംഗം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രിന്റ് മീഡിയയുടെ കോപ്പി വിൽപ്പന സോഷ്യൽ മീഡിയയുടെ വരവോടെ ഗണ്യമായി കുറഞ്ഞു. പരസ്യങ്ങളും മറ്റ് ധനസഹായങ്ങളും വർധിപ്പിച്ചും കുടിശ്ശികകൾ കൃത്യമായി നൽകിയും സർക്കാർ സഹായം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
“ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സംസ്ഥാനം കേരളമാണ്. ചെറുതും വലുതുമായ വിഷയങ്ങൾ മാധ്യമങ്ങൾ തുറന്നു പറയുന്നുണ്ട്. ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല” – മന്ത്രി പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളിൽ പത്രപ്രവർത്തകരെ തടയുന്നതും കേസുകളിൽ പെടുത്തുന്നതും ജയിലിൽ അടയ്ക്കുന്നതും പതിവാണെന്ന് മന്ത്രി പറഞ്ഞു. “കാർട്ടൂൺ വരച്ചതിനാൽ പോലും അറസ്റ്റിലാകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ വിമർശിച്ചതിന്റെ പേരിൽ ആരും ജയിലിൽ പോയിട്ടില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ കാർട്ടൂൺ കോളങ്ങൾ കുറയുന്നത് ശ്രദ്ധേയമാണെന്നും മാധ്യമങ്ങൾ ഇത് പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിശ്വസനീയമല്ലാത്ത ഏജൻസികളിലൂടെ വാർത്തകൾ വരുന്നത് അപകടമാണെന്നും വസ്തുതകൾ പുറത്തുവരാൻ വ്യവസ്ഥാപിത മാധ്യമങ്ങളെ ശക്തിപ്പെടുത്തണം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ ആളുകളെ മാധ്യമരംഗത്തേക്ക് കൊണ്ടുവരുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പേപ്പറുകൾ തയ്യാറാക്കുന്നതിനും മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങൾ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ വരവോടെ നഷ്ടമായ എറണാകുളത്തെ മീഡിയ അക്കാദമിയുടെ കെട്ടിടത്തിന്റെ നിർമ്മാണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, സെക്രട്ടറി അനിൽ ഭാസ്‌കർ, മുതിർന്ന മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.