പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നും തെർമൽ പവർ സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന വായുമലിനീകരണം മറവിരോഗ സാധ്യത വർധിപ്പിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനം. മലിനമായ വായുവിൽ ജീവിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയെന്ന് പഠനം വ്യക്തമാക്കുന്നു.ഒരുവർഷം നീണ്ടുനിന്ന 51 പഠനങ്ങളുടെ വിലയിരുത്തലിലൂടെയാണ് വിദഗ്ധ സംഘം നിഗമനത്തിലെത്തിയത്. 30 ലക്ഷം പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്.
പി.എം 2.5 (സൂക്ഷ്മ കണങ്ങൾ): സ്ഥിരമായി ശ്വസിച്ചാൽ മറവിരോഗ സാധ്യത 17% വരെ വർധിക്കും.ഫോസിൽ ഇന്ധനം കത്തുമ്പോഴും തെർമൽ പവർ പ്ലാന്റുകളിൽ നിന്നും ഉണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡ് കൂടുതലായി ശ്വസിക്കുന്നവർക്ക് മൂന്ന് ശതമാനമാണ് സാധ്യത.ബ്ലാക്ക് കാർബൺ: വാഹനങ്ങൾ, വിറക് കത്തിക്കൽ എന്നിവയിലൂടെ ഉണ്ടാകുന്ന മലിനീകരണം 13% സാധ്യത.ഇത്തരം പുക തലച്ചോറിൽ നീർകെട്ട് സൃഷ്ടിക്കുകയും കോശനാശം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിലെ 99% പേരും അംഗീകരിക്കാവുന്നതിലേറെ മലിനീകരണത്തിലുള്ള വായുവിലാണ് ജീവിക്കുന്നത്. 2021-ലെ കണക്കുപ്രകാരം ലോകത്ത് 5.5 കോടി പേർ മറവിരോഗികളാണ്. 2050ഓടെ ഇത് 15 കോടി എത്തുമെന്നാണ് പ്രതീക്ഷ.മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ മറവിരോഗം കുറയ്ക്കാമെന്നാണ് പഠനത്തിന്റെ നിർദ്ദേശം.