ഞങ്ങളെ നോക്കാന്‍ ആരുമില്ല സാറേ, കുറേ കാലമായി ഈ പകല്‍ വീട്ടിലെ മനുഷ്യരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവര്‍’ -സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു കാണാനെത്തിയപ്പോള്‍ കുണ്ടൂപറമ്പ് പകല്‍ വീട്ടിലെ അംഗമായ രാധയുടെ പരിഭവം ഇങ്ങനെയായിരുന്നു. ഇങ്ങനെ പകല്‍ വീട്ടിലെ ഓരോരുത്തര്‍ക്കും പലതരത്തിലുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. ഇതിനിടെ പലരുടെയും കണ്ണുകളില്‍ നനവ് പടര്‍ന്നു. വേദനകള്‍ മിന്നിമറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു -‘ഈ പകല്‍ വീടാണ് ഞങ്ങളുടെ സ്വര്‍ഗം’.
മാനസിക-ശാരീരിക പ്രയാസങ്ങള്‍ ഒരുപോലെ അലട്ടുന്ന 55കാരനായ സുധീര്‍ ജീവിതം തിരിച്ചുപിടിച്ചത് പകല്‍ വീട്ടിലെ സ്‌നേഹം കൊണ്ടുമാത്രമാണ്. മാനസിക രോഗിയെന്ന് പറഞ്ഞ് ബന്ധുക്കളാല്‍ അകറ്റി നിര്‍ത്തപ്പെട്ട സുധീര്‍ ഭക്ഷണം കഴിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ കഴിയാത്ത നിലയിലാണ് പകല്‍വീട്ടിലെത്തിയത്. ഇവിടുത്തെ സ്‌നേഹവും സൗഹൃദവും ജീവിതത്തില്‍ വെളിച്ചമായപ്പോള്‍ മാറ്റം അതിവേഗമായിരുന്നു. മന്ത്രിയോട് സംസാരിക്കാന്‍ ആദ്യം തയാറായി എത്തിയതും സുധീറായിരുന്നു.
‘ഞങ്ങള്‍ക്ക് വിമാനം കയറാന്‍ വലിയ ആഗ്രഹമാണ്, മന്ത്രി എന്തെങ്കിലും ചെയ്തുതരണം’ എന്നായിരുന്നു റീത്തയുടെ ആവശ്യം. പകല്‍ വീടിനു വേണ്ടി വിനോദ സഞ്ചാര പാക്കേജുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. മക്കളുടെ അവഗണനയും കുത്തുവാക്കുകളും സഹിക്കാനാകാതെ പകല്‍ വീട്ടിലെത്തിയ ഹരിദാസന്‍ മന്ത്രിക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുഭവം പങ്കുവെച്ചത്.
പലരുടെയും പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ കേട്ടറിഞ്ഞ മന്ത്രി അവരെ ആശ്വസിപ്പിക്കുകയും പുതിയ പ്രതീക്ഷകള്‍ പകരുകയും ചെയ്തു. പകല്‍വീടിന്റെ സ്‌നേഹത്തണലില്‍ അംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.