കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഉള്‍ക്കൊള്ളുന്ന മാതൃകാസമൂഹമായി കേരളത്തെ മാറ്റണം എന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ആഗസ്റ്റ് 21-23 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ മാനുവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന കോഴിക്കോട് ജനകീയ പിന്തുണയോടെയും വന്‍ പങ്കാളിത്തത്തോടെയും പരിപാടി നടത്തുമെന്ന് മേയര്‍ പറഞ്ഞു
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചസിബിഒ/എന്‍ജിഒകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ചു നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം നല്‍കും.സ്റ്റേജിനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരെ ‘കലാരത്‌നം’ ആയും സ്റ്റേജിതരയിനത്തില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരെ ‘സര്‍ഗപ്രതിഭ’ ആയും തെരഞ്ഞെടുക്കും. ഗ്രൂപ്പ്, വ്യക്തിഗതയിനങ്ങളില്‍ എ ഗ്രേഡ് നേടുന്ന ടീമിനും വ്യക്തിക്കും ക്യാഷ് പ്രൈസും നല്‍കും. കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21ന് വൈകീട്ട് വര്‍ണാഭമായ ഘോഷയാത്ര നടക്കും. ഫ്‌ളാഷ് മോബ് ഉള്‍പ്പെടെ അനുബന്ധ പരിപാടികളും ഒരുക്കുന്നുണ്ട്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. ഡയറക്ടര്‍ ഷീബ മുംതാസ്, സാമൂഹികനീതി ഓഫീസര്‍ എം അഞ്ജു,സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗം നേഹ, ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ അനുരാധ, അനാമിക, നഗ്മ സുസ്മി, ടി ജി സെല്‍ പ്രോജക്ട് ഓഫീസര്‍ ശ്യാമപ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.